X-Steel - Wait

2012, മേയ് 6, ഞായറാഴ്‌ച

പ്രശാന്ത് പരമേശ്വരന്‍ ഇനി റോയല്‍താരം

prasanth parameswaran

ആലപ്പുഴ: ഐ.പി.എല്ലില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെ ബൗളിങ് ആക്രമണത്തിന് കരുത്ത് പകരാന്‍ ഇനി കേരളത്തിന്റെ സ്പീഡ്മാന്‍ പ്രശാന്ത് പരമേശ്വരനും. ഈ സീസണ്‍ പാതിവഴി പിന്നിടുമ്പോള്‍ ഒരു രാജയോഗം പോലെയാണ് പ്രശാന്തിന് കളിക്കാന്‍ അവസരം ലഭിച്ചിരിക്കുന്നത്. 

റോയല്‍ ചലഞ്ചേഴ്‌സുമായി 20 ലക്ഷത്തിന്റെ കരാറിലാണ് ഒപ്പിട്ടിരിക്കുന്നത്. കഴിഞ്ഞ സീസണില്‍ കൊച്ചിന്‍ ടസ്‌ക്കേഴ്‌സിന്റെ താരമായി അരങ്ങേറ്റം കുറിച്ച പ്രശാന്ത് അഞ്ച് മത്സരങ്ങളില്‍നിന്ന് അഞ്ച് വിക്കറ്റ് വീഴ്ത്തിയാണ് ശ്രദ്ധേയനായത്. 

റോയല്‍ ചലഞ്ചേഴ്‌സിന്റെ ബൗളിങ് ഡിപ്പാര്‍ട്ടുമെന്‍റില്‍ സഹീര്‍ഖാന്‍, വിനയ്കുമാര്‍ തുടങ്ങിയവരാണ് ഉള്ളത്. പ്രതിഭാധനരായ ഇവര്‍ക്കൊപ്പം പന്തെറിയുന്നതിന്റെ ആവേശത്തിലാണ് പ്രശാന്ത് .

ഞായറാഴ്ച ചലഞ്ചേഴ്‌സിന് ഹോംഗ്രൗണ്ടായ ബാംഗ്ലൂരില്‍ ഡക്കാണ്‍ ചാര്‍ജേഴ്‌സുമായി മത്സരമുണ്ട്. ഇതില്‍ പന്തെറിയാന്‍ അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഈ മുഹമ്മക്കാരന്‍. കഴിഞ്ഞ സീസണില്‍ കന്നിമത്സരത്തില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന് എതിരെ വീരേന്ദ്ര സേവാഗിന്‍േറതടക്കം രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയത് പ്രശാന്തിനെ താരമാക്കി. മത്സരത്തിലെ മാന്‍ ഓഫ്ദി മാച്ചായും തിരഞ്ഞെടുക്കപ്പെട്ടു. കൊച്ചിന്‍ ടസ്‌ക്കേഴ്‌സ് ഐ.പി.എല്ലില്‍ പരാജയപ്പെട്ടുവെങ്കിലും പ്രശാന്ത് പല വമ്പന്മാരുടെയും ശ്രദ്ധയില്‍പ്പെട്ടിരുന്നു.

കായിപ്പുറം ക്രിക്കറ്റ് ക്ലബ്ബിലൂടെയാണ് പ്രശാന്ത് കളിച്ച് വളര്‍ന്നത്. ക്രിക്കറ്റ് ഗൗരവമായെടുത്തത് സി.എം.എസ്. കോളജില്‍ ഡിഗ്രിക്ക് പഠിക്കുമ്പോഴാണ്. പിന്നീട് കൊച്ചിന്‍ റിഫൈനറി ക്രിക്കറ്റ് അക്കാദമിയില്‍ പ്രശസ്ത കോച്ച് പി. ബാലചന്ദ്രന്റെ കീഴില്‍ പരിശീലനം നടത്തിയത് കരിയറിലെ വഴിത്തിരിവായി. അവിടെ അഞ്ച് വര്‍ഷമുണ്ടായിരുന്നു . ഈ സമയത്ത് സെന്‍റ്. ആല്‍ബര്‍ട്‌സ് കോളജിലായിരുന്നു പഠനം. പിന്നീട് ചെന്നൈ ഐ.ഒ. ബിയില്‍ ചേര്‍ന്നു. 2007-08 വര്‍ഷത്തിലാണ് കേരള രഞ്ജി ടീമിലെത്തുന്നത്. ആറ് കളികളില്‍ നിന്ന് 18 വിക്കറ്റുകള്‍ നേടി. പിന്നീടിങ്ങോട്ട് കേരളത്തിന്‍റ ബൗളിങ്ങിന്റെ കുന്തമുന പ്രശാന്തിന്റെ കൈയിലായിരുന്നു. റോയല്‍ ചലഞ്ചേഴ്‌സില്‍ കളിക്കാന്‍ അവസരം ലഭിച്ചത് ജന്മനാടായ മുഹമ്മ നിവാസികള്‍ക്ക് ആഹ്ലാദത്തിന് വകയായി. മുഹമ്മ പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ മീനത്തുവെളി പരമേശ്വരന്റെയും കുഞ്ഞുമോളുടെയും മകനാണ് പ്രശാന്ത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ