X-Steel - Wait

2012, മാർച്ച് 24, ശനിയാഴ്‌ച

ബാല്യം എത്ര സുന്ദരം

ബാല്യം എത്ര സുന്ദരം



വര്‍ഷങ്ങളെത്രയോ പോയതിന്‍ ശേഷമായ്
ഞാനിന്നു പോകുന്നെന്‍ ഗ്രാമത്തിലെത്തുവാന്‍
ആകെ തളര്‍ന്നു ഞാന്‍ അവിടേക്ക് ചെല്ലുമ്പോള്‍ 

സമ്പാദ്യമായെന്നില്‍ പലവിധ രോഗങ്ങള്‍ 

ഇനിയുള്ള ജീവിതം ഇവിടെ ഞാന്‍ തീര്‍ത്തീടും
ഈ കുളിര്‍ കാറ്റേറ്റ് ഞാനെന്നും ഉറങ്ങീടും
ഇന്നുമെന്റൊര്‍മ്മകള്‍ പിന്നോട്ട് പോകുന്നു 
അന്നത്തെ ഓര്‍മ്മകള്‍ കണ്മുന്‍പില്‍ കാണുന്നു 
എന്റെയാ ബാല്യവും ഇന്ന് ഞാന്‍ ഓര്‍ക്കുന്നു 



പൂവാലി പശുവിന്റെ പിന്നാലെ കൂടിട്ടു 
പൈക്കിടാവുമായ് ചങ്ങാത്തമായതും 

ചക്കരമാവിന്റെ തുഞ്ചത്ത് കേറീട്ട്
ഞാന്നു കിടന്നതില്‍ ഊഞ്ഞാലാടീതും
പുളിയന്‍ മാങ്ങയിലുപ്പിട്ടു തിന്നതും 


മഴപെയ്യും വഴിയിലൂടോടി നടന്നതും 
വഴിയിലെ ചെളി വെള്ളം തട്ടി തെറിപ്പിച്ചു 

പുഴയില്‍ ചാടി ഞാന്‍ മുങ്ങി കുളിച്ചതും 

ഓണത്തുമ്പിയെ ഓടി പിടിച്ചിട്ടതിന്‍ കാലില്‍
നൂല്‍ കെട്ടി പിന്നെ പറത്തി വലിച്ചതും 



മഴവില്ലിന്‍ നിറമേഴും എണ്ണി പറഞ്ഞതും 
മഴ പെയ്ത നേരമാ വീടിന്റെ ഇറയത്തു നിന്നതും 

കൈ നീട്ടി പിന്നെ ഞാന്‍ മഴയെ പിടിച്ചതും 

ആ കുളിരേറ്റു ഞാന്‍ കണ്ച്ചിമ്മി നിന്നതും 



ചേമ്പില താളിലൂടോടുന്ന മഴവെള്ളം 
കണ്ടെന്റെ മിഴികള്‍ വിടര്‍ന്നതും 

ആ വെള്ളം പിന്നതില്‍ ഉരുട്ടി കളിച്ചതും



ചെറിയൊരു മയില്‍‌പീലി തുണ്ടങ്ങെടുത്തിട്ട് 
പുസ്തക താളില്‍ അടവെച്ചു സൂക്ഷിച്ചു 

പതിവായുണര്‍ന്നുടന്‍ പുസ്തകത്താളില്‍

മയില്‍‌പീലി കുഞ്ഞിനായി ആശിച്ചു നോക്കിയും 



തൊടിയിലെ മഴവെള്ളം തടയിട്ടു നിര്‍ത്തീട്ട്
പുതിയൊരു പുസ്തകത്താളില്‍ ഞാനുണ്ടാക്കും 

പുത്തന്‍ കപ്പലൊന്നോടിച്ചു വിട്ടതും 



ബട്ടന്‍സ് പൊട്ടിയ നിക്കറെന്‍ മുട്ടിലൂടൂരി ഇറങ്ങവേ 
ഇടം കയ്യാല്‍ എത്തി പിടിച്ചു നടന്നതും 

തെല്ലിട പോകെ വയറു ചെറുതാക്കി നിക്കറിന്‍ തുമ്പാ

വയറിന്‍ മേലെ മടക്കി ഉറപ്പിച്ചോടി നടന്നതും 



അമ്പല പറമ്പിലെ ഉത്സവ രാത്രിയില്‍ 
ആനയ്ക്ക് ചുറ്റും നോക്കി നടന്നതും 

ആനേടെ വാലില്‍ പേടിയാല്‍ തൊട്ടതും

പഠിച്ചു വലുതായി പാപ്പാനാകുവാന്‍
കുഞ്ഞു മനസ്സാല്‍ മോഹിച്ചു പോയതും 



പാപ്പാനാകുവാന്‍ ഏറെ പഠിക്കണം പിന്നേറെ-
വളരണം എന്നമ്മ പറഞ്ഞു പറ്റിച്ചതും 

പെട്ടെന്ന് വളരുവാന്‍ അന്ന് അമ്മ നല്‍കിയ 

ആഹാരമെല്ലാം കഴിച്ചു ഞാന്‍ നന്നായി പഠിച്ചതും 



ഉത്സവ പറമ്പിലൂടന്നു ഞാന്‍ 
അച്ഛന്റെ കയ്യില്‍ തൂങ്ങി നടന്നതും 

ആശിച്ച കളിപ്പാട്ടമോരോന്നായി പിന്നെ 

ശാട്യം പിടിച്ചു ഞാന്‍ വാങ്ങിയെടുത്തതും 



കൂ... കൂ.....' പാടി നടന്നൊരു കുയിലിനെ 
കോ..... കോ....' എന്നു കളിയാക്കി വിട്ടതും 

തെങ്ങിന്‍ ചിരട്ടയാല്‍ മണ്ണപ്പം ചുട്ടതും 

ചൂടാറും മുന്‍പേ പകുത്തു കഴിച്ചതും 



തെങ്ങിന്‍ മടലിനാല്‍ ബാറ്റൊന്നുണ്ടാക്കി ഞാന്‍ 
തെല്ലൊരു ഗമയാല്‍ പിടിച്ചു നടന്നതും 


അമ്പല കുളത്തിലെ ആമ്പല്‍ പൂവിറുത്തന്നവളുടെ 
മുടിയില്‍ ചൂടാന്‍ കൊടുത്തതും 

ആമ്പല്‍ തണ്ടിനാല്‍ മാലയാണിയിച്ചു പിന്നെ 

അവളുടെ കയ്യില്‍ പിടിച്ചു നടന്നതും 



കാലമാം കശ്മലന്‍ കാല്‍ നീട്ടിയോടവേ
ഞാനെത്തി കൌമാരമാകും കടമ്പയില്‍ 

അങ്ങിങ്ങ് പൊട്ടി മുളച്ചൊരു പൊടി മീശ 

എണ്ണ വിളക്കിന്‍ കരിയാല്‍ കറുപ്പിച്ചെടുത്തതും 



കാവിലെ ഉത്സവം കണ്ടവള്‍ നില്‍ക്കവേ 
കരിമിഴി കണ്ണില്‍ ഞാന്‍ നോക്കിയിരുന്നതും 

അമ്പല മുറ്റത്തെ ആല്‍ത്തറച്ചോട്ടിലായി 

അവളെയും കാത്തു ഞാന്‍ നോക്കിയിരുന്നതും 



പ്രാരാബ്ദമേറവേ പാടില്ല എന്ന് ഞാന്‍ 
എന്നോടുതന്നെ ഉറച്ചു പറഞ്ഞതും 

എല്ലാം ഇന്നലെ ഇന്നലെ എന്നുപോല്‍ 

ഇന്ന് ഞാന്‍ ഓര്‍ക്കുന്നു ഓര്‍ത്തു ചിരിക്കുന്നു 



സ്വപ്‌നങ്ങള്‍ കൊണ്ട് ഞാന്‍ കെട്ടിയ മാളിക 
ആരൊക്കെയോ ചേര്‍ന്ന് വീതിച്ചെടുത്തതും 

മോഹങ്ങളൊക്കെ കുഴിച്ചുമൂടീട്ടതില്‍

നഷ്ട സ്വപ്നങ്ങളാലൊരു 'റീത്ത'ന്നു  വെച്ചതും 



എല്ലാം ഇന്നലെ ഇന്നലെ എന്നുപോല്‍ 
ഇന്ന് ഞാന്‍ ഓര്‍ക്കുന്നു ഓര്‍ത്തു ചിരിക്കുന്നു 


ഇവിടെ ജനിച്ചും ഇവിടെ വളര്‍ന്നും മരണം 
വരെയും ഈ കുളിര്‍ കാറ്റേറ്റു നടക്കുവാനും 

ഈ ജന്മമായില്ല എങ്കിലും ഞാനെന്റെ 

അവസാന നിമിഷത്തിലെത്തുമിവിടെ 
ഇനിയുള്ള ജീവിതം ഇവിടെ ഞാന്‍ തീര്‍ത്തീടും
ഈ കുളിര്‍ കാറ്റേറ്റു ഞാനെന്നുമുറങ്ങീടും !

-കണ്ണകി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ