X-Steel - Wait

2012, മാർച്ച് 24, ശനിയാഴ്‌ച

പറഞ്ഞു മറന്ന കഥ

പറഞ്ഞു മറന്ന കഥ
സ്നേഹനൊമ്പരങ്ങളുടെ ചില്ലുകൂട്ടില്‍ നിന്നും പുറത്തേയ്ക്കുള്ള വാതായനങ്ങള്‍ പരതുന്നവരുടെ കൂടെക്കഴിയാനായിരുന്നു അയാളെന്നും ആഗ്രഹിച്ചിരുന്നത്. പ്രവാസത്തിന്റെ ചില്ലറ നീറ്റലുകള്‍ക്കുമപ്പുറത്ത് വേര്‍പാടിന്റെ നൊമ്പരങ്ങള്‍ ഉപ്പുതൂണുകളെ ഓര്‍മ്മിപ്പിക്കവണ്ണം ചിന്തകളില്‍ എന്നും കൂട്ടിനുണ്ടായിരുന്നു. സ്വപ്നങ്ങളുടെ കൂടെ ബാല്യത്തിന്റെ പാതയോരം ചേര്‍ന്നുനടക്കുമ്പോള്‍ ആയതിനു കാരണഭൂതനായവനില്‍ സ്വയം അലിഞ്ഞില്ലാതാവുന്ന ഒരവസ്ഥ, എല്ലാം പൊടിഞ്ഞൊന്നാകുന്നതുപൊലെ. ബാല്യത്തിലെ ആകാശങ്ങള്‍ക്കു വലിപ്പം കുറവായിരുന്നു, ഏറിയാല്‍ ഒരു ചെമ്മണ്‍ പാതയുടെ നീളവും വീതിയും അല്ലെങ്കില്‍ മരമൊഴിഞ്ഞ ഒരു റബ്ബര്‍ക്കാടിന്റെ ചതുരവിന്യാസത്തില്‍.
ശാന്ത സമുദ്രത്തിന്റെ തിരയിളക്കങ്ങളെ കരയില്‍ നിന്നും വേര്‍തിരിക്കുന്ന നീലമലകളുടെ താഴ്വര, ഉരുക്കും ചില്ലുകളും കൊണ്ടു മനോഹരമാക്കിയ സ്തംഭതുല്യ ഹര്‍മ്യങ്ങളില്‍ മനുഷ്യന്‍ എറുംബുകളെപ്പൊലെ പണിയെടുക്കുന്നു, അന്യഗ്ഗ്രഹ ജീവികളെപ്പോലെ അഭിവാദനം ചെയ്യുന്നു, നിറം മങ്ങിയ ചേഷ്ടകള്‍. മരുഭൂമിയും മഹാസമുദ്രവും മാമലകളും ഒരുമിക്കുന്ന മറ്റൊരു ത്രിവേണി . മരുഭൂമിയൊടുചേര്‍ന്ന പര്‍വതശിഖരങ്ങളില്‍ വളരാന്‍ മടിച്ചു കരിഞ്ഞു തുടങ്ങിയ കറുകപ്പുല്ലുകള്‍ കടലോമലനിരകളിലെ പച്ചപ്പുകണ്ടു തേങ്ങിയതുപോലെ, പര്‍വതങ്ങള്‍ തളിര്‍ക്കുന്ന വര്‍ഷമാസങ്ങള്‍ക്കായ് കാത്തിരിക്കുന്നതുപൊലെ. ആകാശങ്ങള്‍ക്കു വലിപ്പം വച്ചു തുടങ്ങിയിരിക്കുന്നു, ഇന്നത് നീണ്ടു പരന്ന് ശാന്ത സമുദ്രത്തിന്റെ വടക്കു കിഴക്കെ ഉള്ളുമുതല്‍ അങ്ങു മഹോവി മരുഭൂമിയുടെ തെക്കെ അറ്റം വരെ പരന്നു കിടക്കുന്നു.
അയാള്‍ പുറത്തെയ്ക്കിറങ്ങി, ഇടനാഴികള്‍ പിന്നിട്ടു വലത്തേ അറ്റത്തെ ലിഫ്റ്റിനെ ലക്ഷ്യമാക്കി, എതിരെ പോകുന്നവര്‍ക്കു തടസ്സമുണ്ടാക്കാതെ പതിയെ നടന്നു. പതിമൂന്ന്, …… അഞ്ച്, അഞ്ചാം നിലയുടെ തുറവിയിലെയ്ക്കയാള്‍ ഇറങ്ങി, താഴെ അലമദിന്‍ ബൊളിവാഡും പാര്‍ക്ക് അവന്യുവും ഒന്നിക്കുന്നു. നിരത്തുകളില്‍ ഇടതടവില്ലാതെ ഒഴുകുന്ന പലവര്‍ണ്ണങ്ങളിലുള്ള ചെറുതും വലുതുമായ വാഹനങ്ങള്‍, ഒരിക്കലും അവസാനിക്കാത്ത യാത്രകള്‍. നാട്ടിന്‍പുറത്തെ ഇടുങ്ങിയ പാതയോരത്തെ റബ്ബര്‍ക്കാടുകളിലേയ്ക്കു തുറക്കുന്ന കൂറ്റന്‍ വാതിലുകളുടെ പായല്‍ പിടിച്ച കെട്ടില്‍ വെറുതെകിടന്നു നേരം പോക്കിയ സന്ധ്യകളില്‍, അതിര്‍ഭിത്തികളില്‍നിന്നടര്‍ന്നുവീണ തേക്കിന്‍ പൂവുകള്‍ നിരത്തിലുടയാതെ കിടക്കുമായിരുന്നു, പുലര്‍കാല സഞ്ചാരികള്‍ക്കുവിരിച്ച വെളുത്ത പരവതാനിപോലെ.
ഹെരിട്ടജ് കെട്ടിടസമുച്ചയങ്ങള്‍ക്കിടയിലൂടെ കിഴക്കോട്ടു നോക്കിയാല്‍ വേനലിന്റെ വറുതി കാണാം, കരിഞ്ഞു തീരാറായ സാന്‍ ജോസ് പട്ടണത്തിലെ ദാരിദ്യ്രത്തിന്റെ ബാഹ്യ അടയാളങ്ങള്‍. ഉണ്മയെ ഉള്‍ക്കൊള്ളുവാന്‍ കഴിയാത്തവണ്ണം സാന്ത ക്ലാര തെരുവിലെ അംബരചുംബികള്‍ തലയെടുപ്പോടെ നില്‍ക്കുന്നു. ‘ഇറങ്ങിയേക്കാം’, അയാള്‍ പതിയെ പിറുപിറുത്തു. വെള്ളിയാഴ്ച്ചയല്ലെ, സ്ഥിരം ജോലിക്കാരൊക്കെ നാലുമണിയാകാന്‍ കാത്തിരിക്കും, പിന്നെ ഒരൊട്ടമാണു, എവിടെയൊ എത്തിപ്പെടാനുള്ള നെട്ടോട്ടം. പക്ഷെ അയാളൊരു കൊണ്ട്രാക്റ്റര്‍ ആണ്, കുറച്ചു കാലത്തേയ്ക്കുമാത്രം വിളിക്കപ്പെട്ടവന്‍, കാലവധി പൂര്‍ത്തിയാക്കിയാല്‍ മടങ്ങണം. “ഈ ജീവിതം തന്നെ………”. അയാള്‍ പതിയെ നൂറ്റിമുപ്പത്തിനാലാം മുറിയിലേക്കു കയറി. അടുത്ത മുറിയില്‍നിന്ന് വിയറ്റ്നാം കാരനായ അയാളുടെ മാനേജര്‍ ആരോടൊ ഉറക്കെ സംസാരിക്കുന്നു. പാതിയുയര്‍ത്തിയ ജനാലമറയിലൂടെ നെടുകെയും കുറുകെയും പോകുന്ന വാഹനങ്ങളും നോക്കി അയാളിരുന്നു.
അന്തര്‍ സംസ്ഥാന പാതയോരത്തെ ആപ്പിസുമുറിയും ഇരുവശങ്ങളിലെ പാതിയുയര്‍ത്തിയ ചില്ലുജാലകങ്ങളും അയാള്‍ക്ക് ഒരുതരം പ്രഹേളികപൊലെ തോന്നി. എക്സ്പ്രെസ് പാതയിലെ ചെറുതും വലുതുമായ വാഹനങ്ങള്‍ ജന്മാന്തരങ്ങളിലൂടെ ഓടിമറഞ്ഞ തലമുറകളായി, നേര്‍പാതയില്‍ പിടിച്ചുനിര്‍ത്തുന്ന നിരത്തിലെ വെളുത്ത വരകള്‍ പഴയതിന്റെ പൊടിഞ്ഞുതുടങ്ങിയ ഓര്‍മകളിലേയ്ക്കു അയാളെ വലിച്ചുകൊണ്ടു പോകുന്നതുപോലെ.
പകലിന്റെ പ്രകാശം കുറഞ്ഞു വന്നുകൊണ്ടിരുന്നു. കിഴക്കെ ടവറിന്റെ നിഴലുകള്‍ അലമദിന്‍ റോഡും കടന്ന് ഹെരിട്ടജ് കെട്ടിടത്തിന്റെ പാതിയിലെത്തിനില്‍ക്കുന്നു. ഒന്നിനെ മറ്റൊന്ന് മറയ്ക്കാന്‍ ശ്രമിക്കുന്നതുപോലെ. കുഞ്ഞുന്നാളില്‍ അമ്മയുടെ പഴയ സാരിത്തുണികള്‍ പടിഞ്ഞാറെത്തിണ്ണയില്‍ വലിച്ചുകെട്ടി സന്ധ്യയ്ക്കു നിഴല്‍ നാടകം കളിച്ചതും, എണ്ണവിളക്കൂതിയണച്ച് ജാലകവാതിലിലൂടെത്തിനോക്കിയ ചാന്ദ്രിക വെളിച്ചത്തില്‍ എട്ടത്തിയെ പേടിപ്പിച്ചതും അയാള്‍ക്കിന്നും ഓര്‍മ്മയുണ്ട്. റബ്ബര്‍ക്കാടുകളിലൂടെയുള്ള ഇരുട്ടിന്റെ മറപിടിച്ചുള്ള യാത്രകള്‍ എന്നും ഭയമുളവാക്കുന്നവയായിരുന്നു. വായനശാലയില്‍ നിന്നുള്ള രാത്രിമടക്കത്തിനു അങ്ങൊട്ടുള്ളതിലും തിടുക്കവുമുണ്ടായിരുന്നു, കണ്ണുകള്‍ ആരോ മുന്നോട്ടു പിടിച്ചുകെട്ടിയതുപൊലെ, ഇരുപുറവും നോക്കാതെ ഒരൊറ്റയോട്ടം.
വെറുതെ ഈ – പത്രങ്ങളിലൂടെ കണ്ണോടിച്ചുകൊണ്ടിരുന്നപ്പൊഴാണു വാതില്‍പ്പുറത്ത് പരിചയമുള്ള ഒരു സ്വരം കേട്ടത്, ‘മി . രമേശന്‍, പ്ളീസ് കം’. അയാലുടെ മാനേജര്‍. രണ്ടു കുട്ടികളുണ്ടയാള്‍ക്ക്, രണ്ടാമന്‍ സ്റ്റാന്‍ഫൊര്‍ഡ് സര്‍വ്വകലാശാലയില്‍ ഉന്നതപഠനം നടത്തുന്നു. ട്രങ്ങ് ഫം നെ കാണുമ്പൊഴൊക്കെ അയാള്‍ക്ക് ഓര്‍മ്മവരുന്നത് ഒന്നാം വര്‍ഷ ബിരുദത്തിനു നടുവിലത്തെ നിരയിലിരുന്ന സെബാസ്റ്റ്യനെയാണു, പ്രി-ഡിഗ്ഗ്രിയുടെ മുഴുവന്‍ ദിവസ്സങ്ങളിലും ക്ഷൌരം ചെയ്തിട്ടും മീശമുളയ്ക്കാതിരുന്ന പറമ്പില്‍ സെബാനെ. ട്രങ്ങ് ഇടയ്ക്കു വിളിയ്ക്കാറുണ്ടയാളെ. അടുത്തിടെ പോയ ഉഷ്ണകാല യാത്രകളുടെ കടല്‍ത്തീര കഥകള്‍ പറയാനോ, അവസാനിക്കുവാന്‍ പോകുന്ന കോണ്ട്രാക്റ്റിന്റെ പുതുക്കിയ തിയതി വിവരങ്ങളേക്കുറിച്ച് സംസാരിക്കാനോ മറ്റോ.
ഒരു ചെറിയ മൌനത്തിന്റെ അവസാനം ട്രങ്ങ് പറഞ്ഞു തുടങ്ങി, അദ്ദേഹത്തിന്റെ അസാധാരണമായ തിടുക്കം രമേശനില്‍ എന്തോ ഒരു തരം കൌതുകമുളവാക്കി. എന്തൊക്കെയൊ പറഞ്ഞവസാനിപ്പിക്കാന്‍ ട്രങ്ങ് പ്രയാസപ്പെടുന്നതുപോലെ. ‘ സി മിസ്റ്റര്‍ രമേഷ് പൊതുവാള്‍, കമ്പനി ഡിഡ്നോട്ട് റീച്ച് ദി സെക്കന്റ് ക്വാര്‍ട്ടര്‍ എക്സ്പെക്ടേഷന്‍സ് ആന്‍ഡ് അസ് പേര്‍ ടുഡേസ് സി.ഇ.ഒ ചാറ്റ്, വി ഹാവ് അ ഡിസിഷന്‍ റ്റൊ കട്ട് ഡൌണ്‍ അവര്‍ സ്റ്റ്രെങ്ങ്ത്. അണ്‍ഫൊര്‍ച്നേറ്റിലി, യു ആര്‍ വണ്‍ എമങ്ങ് ദെം’. ‘ താങ്ക്സ് ഫോര്‍ യുവര്‍ സര്‍വീസസ്’. ഒന്നും മനസ്സിലാകാത്തതുപൊലെ രമേശന്‍ ഇനിയും മീശമുളയ്ക്കാത്ത ട്രങ്ങിന്റെ വടുക്കള്‍ നിറഞ്ഞ മുഖത്തേയ്ക്ക് നോക്കി, പതിയെ കണ്ണൂകള്‍ ചില്ലുജാലകങ്ങള്‍ തുളച്ച് എണ്‍പത്തിയേഴാം എക്സ്പ്രെസ് നിരത്തിന്റെ രണ്ടാം പകുതിയിലെത്തിനിന്നു, വാഹനങ്ങള്‍ താഴ്വരയെ പടിഞ്ഞാറോട്ടു തട്ടിമാറ്റി കണ്മുന്‍പില്‍നിന്നും ഒാടിമറഞ്ഞുകൊണ്ടിരിക്കുന്നു.
അധികമൊന്നും തിരികെനല്‍കാനയാള്‍ക്കില്ലായിരുന്നു, ഒരു ഐ.ബി.എം തിങ്ക്പാഡ് ലാപ്ടൊപ്പും പിന്നെ കുറച്ചു റെഫെറന്‍സ് പുസ്തകങ്ങളും, ഒക്കെ വളരെപ്പെട്ടന്നു കഴിഞ്ഞു, മറ്റാരാലൊ തട്ടിമാറ്റപ്പെടുന്നതുപൊലെ. ഇറങ്ങി വന്ന വഴിയില്‍ കണ്ട ചിരപരിചിതങ്ങളായ ഇടനാഴികള്‍ എങ്ങോ ഒരു കൊളുത്തിട്ടു വലിക്കുന്നതുപൊലെ അയാള്‍ക്ക് തോന്നിച്ചു. ഒക്കെ നഷ്ടപ്പെട്ട തോള്‍ സഞ്ചിയും ചുമലിലിട്ട് ലിഫ്റ്റിറങ്ങി താഴെയെത്തി. മനസ്സിന്റെ കനം വാരിയെല്ലുകളും തുളച്ചു ശൂന്യമായ തോള്‍സഞ്ചി നിറച്ചതുപോലെ, താങ്ങാന്‍ കഴിയാത്ത എന്തോ ഒരു ഭാരം. പതിയെ ബേസ്മെന്റിലെത്തി അയാളുടെ കാറിനായി പരതി, കാഴ്ചക്കുറവു തോന്നുന്നു, മറവി ബാധിച്ചതുപോലെ.
പതിയെ വണ്ടിയോടിച്ചുകൊണ്ടിരിക്കുകയാണയാള്‍, അറിയാതെ എല്‍.പി സ്കൂളിലെ കണക്കധ്യാപകനെ രമേശനോര്‍മ്മവന്നു, കുറെ പെരുക്കപ്പട്ടികകളും.
നാട്ടിലെ വീടിന്റെ വക ഇ എം ഐ = 35000 രൂപ
വണ്ടി മേടിച്ച വക ഇ എം ഐ = 200 ഡോളര്‍
വീട്ടു വാടക = 1800 ഡോളര്‍
കറന്റ്, വെള്ളം, ഫോണ്‍ = 300 ഡോളര്‍
പെങ്ങടെ മോള്‍ ഷിബി യുടെ കല്യാണത്തിനു കൊടുക്കാമെന്നേറ്റ വക = 5000 ഡോളര്‍
അളിയനു കടമായി മേടിച്ച വക തിരികെക്കൊടുക്കാനുള്ളത് = 8000 ഡോളര്‍

പിന്നെ ഇത്തിരി ഭക്ഷണം കഴിക്കേണ്ടെ………….??
തൊണ്ണുറുകളുടെ അവസാനം മൌണ്ട് റോഡിലൂടെ കാലത്തു രണ്ടിഡ്ഡലിയും കഴിച്ച്, ദിവസം മുഴുവനും ബയോഡാറ്റയുമായി അലഞ്ഞ ദിവസങ്ങള്‍. ഇഡ്ഡലി ഒന്നു കുറച്ചാല്‍ രണ്ടു കോപ്പികള്‍ കൂടുതല്‍ എടുക്കാം, ഒക്കെ അയാളുടെ പ്രഞ്ജയിലേയ്ക്ക് ഒരു പവര്‍ പോയിന്റ് അവതരണം പോലെ കടന്നുവന്നു.
വളരെപ്പെട്ടന്ന് നിരത്തില്‍ അയാളുടെ മുന്‍പേ ഉണ്ടായിരുന്ന വാഹനങ്ങള്‍ പിടിച്ചുവലിച്ചതുപൊലെ നിന്നു. അയാള്‍ ഇരുപത്തിയേഴും പതിനെട്ടും തമ്മിലുള്ള സങ്കലനത്തിനായി ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇടിയുടെ ആക്കത്തില്‍ അഞ്ചു മീറ്റര്‍ നിരങ്ങിയാണു വണ്ടി നിന്നത്. ഒന്നും പറ്റിയിട്ടില്ല, അയാള്‍ പുറത്തിറങ്ങിനോക്കി, തൊട്ടുമുന്നില്‍ കിടക്കുന്ന ബി.എം.ഡബ്ളിയു വിന്റെ വാലറ്റം അത്ര മോശമല്ലാത്തതരത്തില്‍ തകര്‍ന്നിരിക്കുന്നു. വണ്ടിയില്‍ നിന്നും ചാടിയിറങ്ങിയ വെള്ളക്കാരന്‍ എന്തൊക്കെയൊ ഉച്ചത്തില്‍ സംസാരിക്കുന്നു, ഒക്കെ പാഞ്ഞുപോകുന്ന വാഹനങ്ങളുടെ മുരള്‍ച്ചയില്‍ അലിഞ്ഞു പൊയ്കൊണ്ടിരുന്നു. വെള്ളക്കാരന്‍ പോലിസിനെ വിളിച്ചുകൊണ്ടിരിക്കുന്നു, രമേശന്‍ കൂട്ടപ്പെടുവാന്‍ പോകുന്ന വാഹന ഇന്‍ഷൂറന്‍സ് തുകയും കൂടി തന്റെ ലിസ്റ്റിലേയ്ക്കു ചേര്‍ക്കുകയാണ്, അതിനു മുന്‍പ്, ‘ഇരുപത്തിയേഴും പതിനെട്ടും……..’.
അയാള്‍ കാറിനുള്ളിലേയ്ക്കു കയറിയിരുന്നു, പാതിചാരി അമ്മയുടെ മടിത്തട്ടില്‍ കിടക്കുന്ന കുഞ്ഞുരമേശന്‍. അയാള്‍ പതിയെ നടക്കുകയാണു, കരിഞ്ഞു നിലം പൊത്തിയ റബ്ബര്‍മരങ്ങളുടെ നനുത്ത ഇലകള്‍ വിരിച്ച തവിട്ടു പരവതാനിയിലൂടെ. ചെറുമാമലകളില്‍ ചാലുകീറിയ മെലിഞ്ഞുനീണ്ട വലരികളില്‍ കാല്‍കഴുകി, ചിതറിയ കൊന്നപ്പൂവുകളുടെയും വിടര്‍ന്ന കൈതക്കാടുകളുടെയും അപ്പുറത്തുള്ള അയാളുടെ പ്രൈമറി സ്കൂളിലേയ്ക്ക്……. 
-സാജന്‍ ആയത്തമറ്റം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ