X-Steel - Wait

2012, മേയ് 4, വെള്ളിയാഴ്‌ച

ടി.പി. ചന്ദ്രശേഖരനെ വെട്ടിക്കൊന്നു

t p chandrasekharan
വടകര: ഒഞ്ചിയത്ത് സി.പി.എം. വിട്ടവര്‍ രൂപവത്കരിച്ച റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി (ആര്‍.എം.പി.) യുടെ ഏരിയാ സെക്രട്ടറിയും ഇടതുപക്ഷ ഏകോപനസമിതി സംസ്ഥാന സെക്രട്ടറിയുമായ ടി.പി. ചന്ദ്രശേഖരനെ (52) വെട്ടിക്കൊലപ്പെടുത്തി. വെള്ളിയാഴ്ച രാത്രി 10.15 ഓടെ വടകര കൈനാട്ടിക്കു സമീപം വള്ളിക്കാടിലാണ് സംഭവം. ഒഞ്ചിയത്തു നിന്നും നാലു കിലോമീറ്റര്‍ അകലെയാണിത്.

ബൈക്കില്‍ വീട്ടിലേക്ക് പോവുകയായിരുന്ന ചന്ദ്രശേഖരനെ ഇന്നോവ കാറിലെത്തിയ സംഘം തടഞ്ഞുനിര്‍ത്തിയശേഷം വെട്ടുകയായിരുന്നു. അടുത്തുവരാന്‍ ശ്രമിച്ചവരെ അക്രമിസംഘം ബോംബെറിഞ്ഞു വിരട്ടിയോടിച്ചു. വെട്ടേറ്റ് അരമണിക്കൂറോളം റോഡില്‍ കിടന്ന ചന്ദ്രശേഖരനെ പോലീസടക്കമുള്ളവര്‍ വടകര ഗവ. ആസ്പത്രിയില്‍ എത്തിച്ചു. ആസ്പത്രിയില്‍ വെച്ച് തിരിച്ചറിയില്‍ കാര്‍ഡ് കണ്ടാണ് കൊല്ലപ്പെട്ടത് ചന്ദ്രശേഖരനാണെന്ന് മനസ്സിലാക്കിയത്. തിരിച്ചറിയാന്‍ പറ്റാത്തവിധം വികൃതമായിരുന്നു മുഖം. മൃതദേഹം പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്ക് മാറ്റി.

സി.പി.എം. ആസൂത്രിതമായി നടത്തിയ കൊലയാണിതെന്ന് റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ആരോപിച്ചു. 2008-ല്‍ ഒഞ്ചിയം മേഖലയില്‍ സി.പി.എമ്മിലെ വലിയൊരു വിഭാഗം പാര്‍ട്ടി നേതൃത്വത്തിന്റെ നിലപാടുകളില്‍ പ്രതിഷേധിച്ച് പാര്‍ട്ടി വിട്ടപ്പോള്‍ അതിന് നേതൃത്വം നല്‍കിയത് ചന്ദ്രശേഖരണനാണ്. പിന്നീട് റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി രൂപവത്കരിച്ചപ്പോള്‍ അതിന്റെ ഏരിയാ സെക്രട്ടറിയായി. പാര്‍ട്ടി വിട്ടപ്പോള്‍ ഒട്ടേറെ ഭീഷണികള്‍ നേരിടേണ്ടിവന്നിട്ടുണ്ട്.

2009-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആര്‍.എം.പി. സ്ഥാനാര്‍ത്ഥിയായി വടകര മണ്ഡലത്തില്‍ മത്സരിച്ചു. ഇതിനുശേഷം സംസ്ഥാനത്തുടനീളമുള്ള സി.പി.എം. വിമതരെ കൂട്ടിയിണക്കി ഇടതുപക്ഷ ഏകോപനസമിതിയെ ശക്തിപ്പെടുത്താനും ശ്രമിച്ചു. 

എസ്.എഫ്.ഐ.യിലൂടെ രാഷ്ട്രീയപ്രവേശനം നടത്തി പാര്‍ട്ടിയുടെ ആവേശമായി മാറിയ നേതാവാണ് ചന്ദ്രശേഖരന്‍. എസ്.എഫ്.ഐ. ജില്ലാ സെക്രട്ടറി, സംസ്ഥാന ജോയിന്റ് സെക്രട്ടറി, കേന്ദ്രകമ്മിറ്റി അംഗം എന്നീ നിലകളിലും ഡി.വൈ.എഫ്.ഐ. ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. സി.പി.എം. ഒഞ്ചിയം ഏരിയാ കമ്മിറ്റി അംഗമായിരുന്നു.

ഒഞ്ചിയം നെല്ലാച്ചേരി സ്വദേശിയാണ്. ഭാര്യ: രമ. മകന്‍: നന്ദു. പരേതനായ അപ്പുണ്ണി നമ്പ്യാരുടെയും പത്മിനിയുടെയും മകനാണ്. സഹോദരങ്ങള്‍: മോഹന്‍ദാസ്, സുരേന്ദ്രന്‍, സേതുമാധവന്‍, ദിനേശ്കുമാര്‍. 
          സംസ്ഥാനത്ത് U D F ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ